കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്.

കണ്ണീര് ഊട്ടുന്ന ഉളുഹിയ്യത്.
.........

"അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ,
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് "

നീലാകാശ ചെരുവിലന്ന്  വലിയപെരുന്നാളിന്റ പാല്പുഞ്ചിരിയാണ്. മാലോകരൊക്കെയും മൈലാഞ്ചി ചോപ്പണിഞ്ഞ രാവിൽ വറ്റിവരണ്ട തേക്കിൻ കാടിനു ചാരെ പൊട്ടിയ ആദ്യത്തെ  മത്താപ്പിന്റെ തീപ്പൊരിയിൽ നനഞ്ഞു പോയിരുന്നു ജാബിറിന്റെ കവിളും ഉമ്മ സഫിയയുടെ  നിസ്കാരപ്പായയും .

"നാഥാ ഇന്റെ കുട്ട്യാൾക്കും എല്ലാരിം പോലെ ഒരു കഷ്ണം തുണി എടുത്തു കൊടുക്കാൻ ഞങ്ങൾക്ക് കഴിവില്ലാതെ പോയല്ലോ!!"

ഇരുകൈകളും സൃഷ്ടാവിലേക്ക് അർപ്പിച്ച  ഉമ്മയുടെ അടക്കിപ്പിടിച്ച തേങ്ങൽ വിജനമായ പുരയിടത്തെ തഴുകിപ്പോയ പെരുന്നാൾ കാറ്റിന്റെ കുളിര് ചോർത്തി പറന്നു.

ഇരുൾ പരന്നു തുടങ്ങിയ അരണ്ട വെളിച്ചത്തിൽ
ഇരു കൈകളിൽ താങ്ങിയ ശിരസ്സുമായി വെയിൽ കാഞ്ഞ് നിറം മങ്ങിയ ഉമ്മറത്തെ  ഫൈബർ കസേരയുടെ  പുറകിലെ ഇരട്ട കാലിൽ എല്ലാ ഭാരവും സമർപ്പിച്ച് തക്ബീർ ധ്വനികൾക്കൊപ്പം മിടിക്കുന്ന ഹൃദയത്തിന് ചെവിയോർക്കുകയാണ് ജാബിർ.

 "ഡാ ജാബിറേ അന്റെ പെരുന്നാൾ കുപ്പായത്തിന്റെ കളർ എന്താ.ഇജ് എവിടുന്നാ ഡ്രസ്സ്‌ എടുത്തേ !! "

ഇന്നലെ കണ്ടപ്പോഴും തെക്കേലെ ജമീല് ചോദിച്ചത് മനസ്സിലൂടെ ഊർന്നു വീഴുമ്പോൾ ഒന്നടക്കിപ്പിടിച്ചു തേങ്ങി ആ കുഞ്ഞു ഹൃദയം.

ഇത് അവന്റെ ആദ്യത്തെ പെരുന്നാളല്ല.ഓർമ്മകളിലെ പല  പെരുന്നാളുകളും ആ ഒറ്റപ്പെട്ടുപോയ വീട്ടിലിങ്ങനെയാണ്.

പുറത്തു നിന്ന് നോക്കിയാൽ പേരുകേട്ട കുടുംബം.മെച്ചപ്പെട്ട ജീവിതം.വീടിന്റെ ചുവരുകൾക്ക് മാത്രം അറിയുന്ന ചില പട്ടിണികളാണ്. ഉപ്പ ഹമീദ് വർഷങ്ങളോളം   കടലിനക്കരെയാണെങ്കിലും വറുതിയില്ലാത്ത ഒരു പെരുന്നാളും ആ വീടിന്റെ പടി ഇറങ്ങിയിട്ടില്ല.

ഉപ്പ ഇന്നലേം വിളിച്ചു.കാലങ്ങളായി ഉപ്പ വിളിച്ചു കഴിഞ്ഞാൽ ഉമ്മ പിന്നെ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടാറില്ല.പ്രാരാബ്ധങ്ങളുടെ പ്രവാസം കേട്ട് കേട്ട് ഇന്നതിന്റെ കാരണമവൻ തിരക്കാറില്ല  .

ഇരുട്ട് മൂടും തോറും ആദിയേറുന്നു.
നാളെ എങ്ങനെ പെരുന്നാൾ പള്ളിക്ക് പോവും ആലോചിക്കുംതോറും തൊലിയുരിഞ്ഞു പോവുന്നു.

അടക്കി പിടിച്ച വേദനകൾ അവനോട് സംസാരിക്കുന്നുണ്ടായിരുന്നു
"നേരം പുലരാതിരുന്നെങ്കിൽ!!ഭൂമി പിളർന്നു പോയിരുന്നെങ്കിൽ!!"


"ജാബീ ചോറ് തിന്നല്ലേ"ഉമ്മാന്റെ വിളിയവനെ തൊട്ടുണർത്തി.

"ഇച്ച് വാണ്ട ഇമ്മാ.."

ഹൃദയത്തിന്റെ വേദനകളൊക്കെയും തേങ്ങിക്കൊണ്ടാണവനത് പറഞ്ഞത് .ആ ഉമ്മ മനസ്സ് അതറിയുന്നുണ്ട് ..

നിസ്സഹായതയിൽ നിറഞൊഴുകിയ മിഴിയിണകളെ തടയാൻ പാടുപെടുന്ന തട്ടത്തിന്റെ  തലപ്പിലും ആ ദീർഘനീശ്വാസത്തിലും ഇട നെഞ്ചു വിങ്ങി പൊട്ടുന്നുണ്ടായിരുന്നു.

"പയ്ച്ചിണില്ലെ ഇഞ്ഞെ"

 ശ്വാസനിശ്വാസങ്ങൾ പോലും ചീവീടുകളുടെ അലർച്ചയിൽ അലിഞ്ഞില്ലാതെയായി.

"ഇമ്മാ..
നാളെ ഞാൻ ഏത് കുപ്പായാ ഇടാ.." ആ വാക്കുകളുടെ  നിസ്സഹായതയിൽ ഒരു നിമിഷത്തേക്ക് ചീവീടുകൾ പോലും നിശബ്ദമായി.

തേങ്ങിക്കൊണ്ടാണ് ഉമ്മ തിരിഞ്ഞു നടന്നത്.

പൊടി പിടിച്ചു കിടന്ന ഓർമ്മകളുടെ ഭാണ്ഡകെട്ടുകളിൽ പുറം ലോകം കാണാത്ത കുട്ടിക്കുപ്പായത്തിലേക്ക് ബട്ടൻസ് തുന്നികൂട്ടുമ്പോൾ   ഉമ്മയുടെ കണ്ണീർ തടങ്ങളിൽ വേദന നിറഞ്ഞൊഴുകി.

അങ്ങാടികൾ ഉറങ്ങാത്ത രാവിലും പഴകി ജീർണിച്ചു പൊട്ടിപൊളിഞ്ഞ ആ വീടിന്റെ ഭിത്തികൾ മനസ്സുകൾ ഉറങ്ങും മുമ്പേ നിദ്രയിലാണ്ടിരുന്നു.

അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലള്ളാഹു അള്ളാഹു അക്ബർ,
അള്ളാഹു അക്ബർ വലില്ലാഹിൽ ഹംദ് "

മഞ്ഞു തുള്ളികളുമ്മ വെച്ചുണർത്തിയ തക്ബീർ ധ്വനികൾ പള്ളി മിനാരങ്ങളിൽ നിന്നലയടിച്ചുയരുന്ന പുലരിയിൽ. തിരയടിച്ചുയരുന്ന ഹൃദയ മിടിപ്പുകളാൽ ജാബിർ ഉണരുമ്പോൾ
അരി ഇല്ലെങ്കിലും നെയ്‌ച്ചോറ് വെച്ചൂട്ടാൻ പൊന്നുമക്കൾക് വേണ്ടി അടുക്കളയിൽ എരിയുകയാണ് ഉമ്മ സഫിയ.

"കൂ.. ജാബിറേ....."

"ജാബി അന്നെ അതാ വിളിക്ക്ണ്  "   പാതി വഴിയിലുപേക്ഷിച്ചു പോന്ന ഏതോ മസാല പറ്റിയ തവിയുമായാണ് ഉമ്മ  വിളിക്കാൻ വന്നത് .

സലീമും സുബൈറും കുളിക്കാൻ  പോവുന്ന വഴി കൂട്ടിന് വിളിക്കുന്നതാണ്.പെരുന്നാൾ കോടിയണിഞു പള്ളി നമസ്കാരത്തിന് പോവാനുള്ള  ആവേശമാണവർക്ക്.
ജാബിറിന് കിടക്ക വിട്ടെണീക്കാൻ മനസ്സ് വന്നില്ല.

"ഒലോട് പോവാൻ പറഞാളി" അവൻ ഒന്നുകൂടി തിരിഞ്ഞു കിടന്നു.

"അവൻ എണീക്കുന്നെ ഒള്ളൂ"
ഉമ്മ പറയുന്നത്  കേൾക്കാം..

സോപ്പുപെട്ടിയും കൊണ്ട്  അർധനഗ്നരായി
അവര് നടന്നകലുന്നത് പാതി തുറന്ന ജനലഴികളിലൂടെ അവൻ നോക്കി നിൽക്കുന്നുണ്ടായിരുന്നു.

തളിരിലകളും  ഇളവെയിലിന്റെ പൊൻ കിരണങ്ങളേറ്റ് തക്ബീർ ചൊല്ലുന്ന പൊൻ പുലരിയിൽ

"അള്ളാഹു അക്ബർ
അള്ളാഹു അക്ബർ "

ജനലഴികളിൽ മുഷ്ടി ചുരുട്ടിപ്പിടിച്ചു മനസ്സിനെ തൊടിയിലെ പൂവിലും പൂമ്പാറ്റയിലും മേയാൻ വിട്ട  അവന്റെ ദൃഷ്ടിയിലേക്ക് അകലങ്ങളിൽ നിന്നു നീരാട്ട് കഴിഞ്ഞു വരുന്നവരുടെ രൂപവും ശബ്ദവും പതിഞ്ഞു .

"സമയം എട്ടുമണിയായിട്ടോ"
 അടുക്കളപ്പാത്രങ്ങളുടെ ശബ്ദങ്ങൾക്കിടയിൽ നിന്ന് ഉമ്മ വിളിച്ചു പറഞ്ഞു.

"മ്മ്... "

നിസ്കാരം ഒമ്പതിനാണ്.നാനാ ഭാഗത്തു നിന്നും തക്ബീറിന്റെ ഈരടികൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്നു.

മനസ്സില്ലാ മനസ്സോടെ അയലിൽ ചുരുണ്ടുകൂടിയ നിറം മങ്ങിയ തോർത്ത്‌ വലിച്ചെടുത്ത് ആരോടെന്നില്ലാത്ത ദേഷ്യത്തിൽ കുളിക്കാൻ കയറുമ്പോഴും  കോരി ഒഴിക്കുന്ന ഓരോ കപ്പ് തണുത്ത  വെള്ളത്തിനും കെടുത്താനാവാത്തത്ര  ചൂടുണ്ടായിരുന്നു ഉള്ള് പൊള്ളുന്ന കനലിന്.

ടാങ്കിലെ അവസാന തുള്ളി വെള്ളത്തിൽ  മൂർത്താവ് നനഞു കുതിർന്നിട്ടും ഒരു കനലുപോലും കെടാതെ കത്തുന്നുണ്ടായിരുന്നു.

 വെള്ളം തീർന്നു പോയതിലുള്ള  ഉമ്മയുടെ പരിഭവങ്ങളൊന്നും അവൻ കേട്ടില്ല.

 ഉമ്മ കണ്ണീരുകൊണ്ട് നൂലുകോർത്ത പൊടിപിടിച്ച ഇളം നീല കുപ്പായവും കാലപ്പഴക്കം കീറി ഒട്ടിച്ച കറുത്ത പാന്റുമിട്ട് അവൻ പൊട്ടിയ കണ്ണാടിയിലേക്ക് നോക്കിയില്ല.

"എട്ടേ മുക്കാലായി സമയം "ഉമ്മ വിളിച്ചു പറഞ്ഞു.

പള്ളിയിലേക്ക് ആരും നടന്നടുക്കാത്ത കാടുപിടിച്ച വഴിയിലൂടെയാണ്  അവൻ നടന്നത്.

തല താഴ്ത്തി നടക്കുമ്പോൾ
പള്ളി പരിസരവും  ഔളിൻ കരയും  നിറഞ്ഞു നിന്ന  ഒരു  വർണ്ണവും  അവനെ കൊതിപ്പിച്ചില്ല..
മനസ്സിൽ അവൻ കരഞ്ഞു പറയുന്നുണ്ടായിരുന്നു

 "ഒരാൾക്കും ഈ  വിധിയുണ്ടാവല്ലേ നാഥാ.. "

നമസ്കാരത്തിന് ശേഷമുള്ള പ്രാർത്ഥനകൾക്ക് മുമ്പേ അവനിറങ്ങി ഓടുകയായിരുന്നു ഒരു സൗഹൃദവും കണ്ടുമുട്ടരുതേ എന്ന പ്രാർത്ഥനയോടെ.

പള്ളിമുറ്റങ്ങളിൽ അപ്പോയേക്കും മരിച്ചു വീഴുന്ന മാടുകളുടെ ചോരകൊണ്ട് നിറഞ്ഞിരുന്നു.

ഉമ്മ വാതിൽക്കൽ കാത്തു നിൽക്കുന്നുണ്ട്.
"നമ്മക്കും കിട്ടൂലെ ഉളുഹിയ്യത്തിന്റെ ഇറച്ചി പൊതി "
ഉമ്മ ആകാംഷയിലാണ്.

ജാബിറിന്റെ പെരുന്നാൾ കഴിഞ്ഞു.അവൻ അവന്റെ ഏകാന്തതകളിലേക്ക് ഊളിയിട്ടു.മിടിക്കുന്ന അവന്റെ ഹൃദയത്തെക്കാൾ ഉച്ചത്തിൽ അകലെ എവിടെയോ പൊട്ടാതെ പോയ അവസാനത്തെ പടക്കവും പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു.

മൂത്താപ്പാന്റെ മകൻ സജീർ അപ്പോയാണ്  ഒരു പൊതി ഇറച്ചിയുമായി വന്നത്.

പേമാരി ചോർന്നു  തെളിഞ്ഞ ആകാശമായിരുന്നു ജാബിറെങ്കിൽ  കുത്തിനോവിക്കുന്ന ഇടിമിന്നലായിരുന്നു സജീർ.

"നിന്റെ ഷർട്ടിന്റെ ബ്രാൻഡ് ഏതാ".അവൻ ചോദിക്കുന്നുണ്ടായിരുന്നു

ജാബിർ ഒന്നും മിണ്ടിയില്ല.

അവന്റെ ബൈക്ക് ദൂരേക്ക് മാഞ്ഞു പോവുമ്പോൾ സൂര്യകിരണങ്ങളേറ്റ്   തിളങ്ങുന്ന അവന്റെ ചുവന്ന കുപ്പായത്തിലേക്ക് ജാബിർ ഒന്നേ നോക്കിയൊള്ളൂ.

ഉളുഹിയ്യത്തിന്റെ ബീഫ് കറി തിളച്ചുമറിഞ്ഞു.

"ജാബിറെ വാ.. വന്ന് കഴിചോക്ക്"

"മ്മ്.. "
മനസ്സ് മരിച്ചുകൊണ്ടാണ് ജാബിർ ഭക്ഷണപ്പാത്രത്തിന്റ മുമ്പിലിരുന്നത്.

"ബീഫില് ഉപ്പ് കൊറവാണോ "
വെപ്പു കലത്തിൽ നിന്നല്പം വായിലിട്ട് ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു

"ഇമ്മാ.. ഈ ഉളുഹിയ്യത് അറുക്കാൻ മൂത്താപ്പ എത്ര ഉറുപ്പിക കൊടുത്തിട്ടുണ്ടാവും "

"ഒരു ആറായിരം ഒക്കെ ഇണ്ടാവും "

"അതീന്നു ഒരു അഞ്ഞൂറ് ഉറുപ്പിയെക് ഇനിക്ക് ഒരു കുപ്പായം എടുത്തു  തന്നിരുന്നേൽ ഇനിക്ക് കഴിയുന്ന കാലത്ത് അത്രേം ഉറുപ്പിയെക് ഞാൻ മൂത്താപ്പാക് ഇറച്ചി വാങ്ങി കൊടുക്കൂലാർന്നോ!!"

പൊട്ടി കരഞ്ഞു കൊണ്ട് അവനത് പറയുമ്പോൾ സഫിയയുടെ നിറഞ്ഞൊഴുകുന്ന കണ്ണീരിൽ  ഉളുഹിയ്യത്തിന്റെ ഇറച്ചി കഷണങ്ങളിലോരോന്നിനും ഉപ്പു പാകമാവുകയായിരുന്നു.



M@nu

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ

പേറ്റു നോവ്