കാലം ഖൽബിലോതിയ കഥ...

കാലം ഖൽബിലോതിയ കഥ...

കാലം കള പറിച്ച വരണ്ട മരുഭൂമിയിൽനിന്ന് പച്ചപ്പിന്റെ പുതുനാമ്പിലേക് ഒരിളം തെന്നലിന്റെ കൈപിടിച്ച്  ഞാനിതാ പെയ്തുപോയ ഏതോ മഴയുടെ കണ്ണീര് പറ്റിയ  ഒറ്റ മഷിത്തണ്ടിന്റെ ഇതളിൽ തലോടി മണ്ണിലേക്ക്.

കരിഞ്ഞുണങ്ങിയ ഭൂതകാല സ്വപ്നങ്ങളിൽ നെരിപ്പോട് പോലെ പിന്നീടെന്നും എരിഞ്ഞു തീരുന്ന പുതിയ മുഖങ്ങളുടെ കഥ പറയാൻ  പഴയ മലബാർ പ്രവാസത്തിന്റ  പിന്നാമ്പുറങ്ങളിലേക്ക്.

"കുഞ്ഞിത്തവളെ വെള്ളം താ,  കുണ്ടം കുളത്തിലെ വെള്ളം താ.. "
അക്ബറിന്റെ വക്കുപൊട്ടിയ സ്ലൈറ്റിലെ എഴുതിപ്പോയ അക്ഷരങ്ങളിൽ പ്രതീക്ഷയോടെ ചേർത്ത് വെക്കുന്ന കുഞ്ഞിളം കയ്യിന്റെ നനവ് പടരുന്നുണ്ടായിരുന്നു.

തടി കഷണങ്ങൾ അരികുവെച്ച തന്റെ കുഞ്ഞു സ്ലൈറ്റിലേക്  ഉറവ വെട്ടാൻ  അറബിക്കടലിനക്കരേക്ക് പറന്നുപോയ  ഉപ്പയെ അവന് അറിയില്ല.

കൂട്ടുകുടുംബത്തിന്റെ ഗൃഹാതുരത്വത്തിനുമേൽ  ഏപ്പോഴൊക്കെയോ പെയ്തൊഴിയുന്ന ഉമ്മയുടെ കണ്ണീര് മാത്രം അറിയാം..

പായലിനൊപ്പം ഇടതൂർന്നു വളരുന്ന മഷിത്തണ്ടുകളും കുണ്ടം കുളത്തിലെ തവളയുമല്ല ലോകത്തിന്റെ നാൾവഴികളിലേക്ക് തന്നെ ചാല് കീറി നയിക്കുന്നതെന്ന് അറിയാത്ത കാലം.

അന്നവനും കൊതിച്ചിരുന്നത് ഒരു മടിത്തട്ടായിരുന്നു.കുസൃതി കാട്ടി ഓടി വരുമ്പോൾ സൽമയെയും അഷ്‌റഫിനെയും  ചേർത്തുപിടിക്കുന്ന സുബൈർ മാസ്റ്ററെപ്പോലെ ഒരു  ഉപ്പയെയായിരുന്നു.

ഓരോ വേനലവദിക്കും സൽമ  പോയ യാത്രകളുടെ കഥകൾ കേട്ടാൽ അക്ബറെന്നും  കൊതിയോടെ കേട്ടിരുന്നതെന്തിനായിരുന്നു..

ഓർമയിലൊരായിരം പൊന്നാമകളെ ചില്ലുകൂട്ടിലൊളിപ്പിക്കുന്ന നിറമുള്ള കാലത്തും കാലം തെറ്റി പെയ്യുന്ന മാതൃത്വത്തിന്റെ പേമാരിയിൽ അക്ബർ ഏപ്പോഴൊക്കെയോ പേടിച്ചുറങ്ങിയത് എന്തിനായിരുന്നു!

ആരോ നുകർന്നുപോയ
പൂവിൽ തലോടും  പൂമ്പാറ്റകളോട് തനിക്കും കിട്ടാതെ പോയ ആ ഇത്തിരി മധുരത്തിന്റെ പരിഭവം അവൻ പറഞ്ഞതെന്തിനാണ്!

അന്നൊരുനാൾ അനാഥ ബാല്യങ്ങളുടെ മുന്നിൽ  മക്കളെ തലോടരുതേ എന്നോതിയ ഉസ്താദിന്റെ  മുന്നിലിരുന്ന് അക്ബറൊന്ന്  തേങ്ങിയതെന്തിനാവും!

അറിയില്ല !!  രക്തബന്ധങ്ങൾ പലപ്പോയും  പണത്തൂക്കത്തിലേക്ക് ചുരുങ്ങിപ്പോയ  യാഥാസ്ഥിതിക കൂട്ടുകുടുംബങ്ങൾ ആറടി മണ്ണിൽ അന്തിയുറങ്ങുന്നത് മഹർ ചാർത്തിയ മാരന്റെ മാറിൽ ഉറങ്ങാതെ കരിഞ്ഞുപോയ സ്വപ്നങ്ങളുടെ വിറകുപുരയിലാണ്.

ഇന്നലെകളുടെ നോവിന്റെ ഇടനാഴികളിൽ നിഗൂഢമായ ശബ്ദത്തോടെ അക്ബറിന്റെ ശിരസ്സിനുമേലെ ആ പക്ഷി ചിറകടിച്ചു പറന്നു.

മേൽക്കൂര തകർന്ന് ദൃശ്യമായ വീടിന്റെ  തെക്കേഭാഗത്തേക് കൊള്ളിയാൻ പോലെ നീലാകാശത്തെ രണ്ടായി പകുത്തു ഒരു കുഞ്ഞു ജെറ്റ് വിമാനം പറന്നു.പതുക്കെ അക്ബറിന്റെ കണ്ണുകളിൽ അതൊരു പുകച്ചുരുളായി.
....... 

....
ആകാശനീല ചായം തേച്ച ചെറുതല്ലാത്ത ഓടുമേഞ്ഞ തറവാട് വീട്.അങ്ങിങ്ങായി പച്ചവിരിച്ചു കറുക പുല്ലുകൾ.അരികിലായ് തടം വെച്ച റോസാ ചെടികൾ.  വിശാലമായ മുറ്റത്തിന് ചുറ്റിലും  അരക്കൊപ്പം അരികുവെച്ച  തേക്കാത്ത  കൽപ്പടവുകളിൽ നനഞ്ഞൊട്ടിയ പച്ചപ്പായലുകൾ.ഇടയിൽ കൂട്ടമായ് ഇളം നിറമുള്ള മഷിത്തണ്ടുകൾ.കൂമ്പിയും മൊട്ടിട്ടും ഓരം വെച്ച ചുവന്ന  ചെമ്പരത്തി പൂക്കൾക്ക് മീതെ പന്തലിച്ചു നിൽക്കുന്ന തൊടിയിലെ പേരറിയുന്നതും അറിയാത്തതുമായ ശിഖരങ്ങൾ.

ആകാശം ഒരു മഴപ്പെയ്ത്തിനൊരുങ്ങിയ നേരത്ത് പകലുറങ്ങാൻ തുടങ്ങീട്ടും മണ്ണിന് വല്ലാത്ത  പ്രകാശമാണ്.

പൂക്കൾ നിറഞ്ഞു നിൽക്കുന്ന വടക്കേ അറ്റത്തെ വലിയ തെച്ചി മരച്ചോട്ടിൽ നീലയിൽ മഞ്ഞ പൂക്കളുള്ള ഉടുപ്പിട്ട്  സൽമക്കൊപ്പം മണ്ണപ്പം ചുട്ടു കളിക്കുന്ന അക്ബർ തന്റെ  കൊളുത്തു പൊട്ടിയ കറുത്ത  ട്രൗസർ ഇടക്കിടക്ക് വലിച്ചടുപ്പിക്കുന്നുണ്ട്.

വെള്ളി അരഞ്ഞാണവും സ്വർണ കൊലുസുമിട്ട വല്ലിമ്മ  വായിലെ മുറുക്കാൻ നീട്ടി തുപ്പീട്ട് മലബാറിന്റെ ആ  തനത് വേഷത്തിൽ ഉമ്മറത്തെ അരവാതിൽ  തുറന്ന് പുറത്തേക്കിറങ്ങി.

"മതി കളിച്ചത്.പോയി മേല് കഴുകിക്കാണി രണ്ടാളും"

വേവ് പാകമാവാത്ത മണ്ണപ്പങ്ങളെ തട്ടി മാറ്റി കിണറ്റിൻ കരയിലോട്ടവര് മത്സരിച്ചോടുമ്പോൾ  സൽമയൊന്ന് തട്ടി വീണു.ശബ്ദം കേട്ടോടി വന്ന മൂത്തുമ്മ റംല അക്ബറിനെ രൂക്ഷമായൊന്ന് നോക്കീട്ടാണ് സൽമയുടെ കൈപിടിച്ചു വലിച്ചോണ്ട് പോവുന്നത്.

മാനം ഒരു രാത്രിമഴക്കായ് ഇരുണ്ട് തുടങ്ങീട്ടുണ്ട്. തിരിഞ്ഞു നടന്ന അക്ബർ  വീടിന് മുമ്പിലെ ഇരുമ്പ് ഗേറ്റിൽ മുഖമമർത്തി.

മുമ്പിലുള്ള മൂസ കാക്കാന്റെ ചായ മക്കാനിക്കുള്ളിലെ  പൊട്ടിച്ചിരികൾ ഉയർന്നു കേൾക്കാം .അലസമായി അഴിച്ചിട്ട മുടിച്ചുരുളുകൾ പോലെ പാറി പറക്കാൻ തുടങ്ങിയ അതിന്റെ മേൽക്കൂരയിൽ നിന്നും ഓല ചീളുകൾ കാറ്റിൽ എങ്ങോട്ടോ പറന്നു പോവുന്നുണ്ട്.

സുബൈർ മാസ്റ്ററുടെ കറുപ്പിൽ ചുവന്ന വരയുള്ള  ഹീറോ ഹോണ്ട ബൈക്ക് മുന്നിൽ വന്നു നിൽകുന്നതും പീടികക്കുള്ളിലേക്ക് കയറിയ  മൂത്താപ്പ ഒരു പൊതിയുമായി ഇറങ്ങി വരുന്നതും അക്ബർ നോക്കി നിൽക്കുന്നുണ്ട് .

എങ്ങുനിന്നോ പുഴ കടത്തിവിട്ട വെള്ളയിൽ തവിട്ടു നിറമുള്ള ഒരു കുറിഞ്ഞി പൂച്ച വാലറ്റം  ആകാശത്തേക് ഉയർത്തി അവന്റെ കാൽപാദത്തെ തൊട്ടു തലോടുന്നുണ്ട്. 

പാതി തുറന്ന ഗേറ്റിനുള്ളിലൂടെ മുറ്റത്തേക്കു പാഞ്ഞു പോയ ബൈക്കിന്റെ ഹാന്റിലിൽ തൂങ്ങിയാടുന്ന പലഹാരപ്പൊതി ദൂരേക്ക് മാഞ്ഞു പോവുമ്പോൾ അവൻ കുനിഞ്ഞിരുന്ന് കുറിഞ്ഞിയുടെ നെറുകെയിൽ പതിയെ തലോടി.

പലചരക്കു പീടികയിലെ പറ്റുപുസ്തകം വല്ലിമ്മയുടെ മുമ്പിലേക്ക് വലിച്ചെറിഞ്ഞിട്ടുള്ള മൂത്താപ്പയുടെ  ആക്രോശത്തിലാണ്  "മ്യാവൂ... മ്യാവൂ " എന്ന കുറുഞ്ഞിപ്പൂച്ചയുടെ ശബ്ദം പശ്ചാത്തലത്തിലൊതുങ്ങുന്നത്.

കടലിനക്കരെനിന്ന് ഉപ്പയുടെ പൈസ ഈ മാസം കുഴലിറങ്ങീട്ടില്ല!! ശബളത്തിൽ നിന്ന് മൂത്താപ്പാക്ക് മൂന്നു കുറി നികത്താനുണ്ട്!!
കരിപിടിച്ച ചിമ്മിനി വക്കത്ത് ഇന്നലെ ദോശക്ക്  കാത്തിരിക്കുമ്പോൾ വല്ലിമ്മയുടെ കുത്തു വാക്കുകളിൽ അടുപ്പ് നനഞ്ഞണഞ്ഞു പോവാതിരിക്കാൻ പാടുപെടുന്നുണ്ടായിരുന്നു ഉമ്മ സഫിയ.

തോപ്പും പടി  പള്ളിയുടെ മിനാരം ഉണർന്നു
"അള്ളാഹു അക്ബർ, അള്ളാഹു അക്ബർ, ലാഇലാഹ ഇല്ലല്ലാഹ്... "

"അക്ബറേ...വാ.. കുളിക്കണ്ടേ!!" ഉമ്മ നീട്ടി വിളിച്ചു.

കൂടെ കൂടിയ കുറിഞ്ഞിക്കൊപ്പം അരികിൽകണ്ട കമ്യൂണിസ്റ്റ് പച്ചിലയിലെ തളിർക്കാൻ തുടങ്ങുന്ന ഇതൾ പറിച്ച് അക്ബർ അലസമായ് തിരിഞ്ഞു നടന്നു.

മൈലാഞ്ചിച്ചെടിക്കരികിൽ വെച്ച പരന്ന കല്ലിൽ അവന്റെ  മെലിഞ്ഞ മേനിയെ  ഉമ്മ  കോരി ഒഴിച്ച ഒരു കപ്പി വെള്ളത്തിൽ കയ്യിൽ കിട്ടിയ പിയേർസ്‌ സോപ്പിട്ട് പതപ്പിക്കുമ്പോഴേക്കും മറന്നു  വെച്ച സോപ്പ് പെട്ടി മൂത്തമ്മ തിരിച്ചെടുത്തു നടന്നിരുന്നു.

"ഈ സോപ്പിന് നല്ല മണാണല്ലൊ ഉമ്മാ,, "

ഉമ്മ ഒന്നും മിണ്ടിയില്ല.
ആ മൗനം..അതിന്റെ അർത്ഥ ഗർഭം..അതവനറിയാം...

ഇടിയും മിന്നലും കൂടെ മഴയും  പെയ്തിറങ്ങിയ സായം സന്ധ്യ.കുറിഞ്ഞിപ്പൂച്ച തിണ്ടത്തിരിക്കുന്ന ചണച്ചാക്കിൽ കൂടിപിടിച്ചിരിക്കുന്നുണ്ട്.നീണ്ട  ഉമ്മറപ്പടിയിൽ ചാരി ഇരിക്കുന്ന അക്ബർ മഴ ഇറയത്ത് ഇറ്റി ഇറ്റി വീഴുന്നതും പിന്നീട്  അത്  കൂടി കൂടി മുറ്റം നിറയെ ചായ കലക്കുന്നതും കുത്തി ഒലിച്ചു പോവുന്നതും കാണുന്നുണ്ട്.

ആവി പറക്കുന്ന കട്ടൻ കാപ്പി തുളുമ്പാതെ സൽമ അവന്റെ അരികിലായ് വന്നിരുന്നു. കയ്യിലുള്ള സ്‌റ്റീൽ പത്രത്തിലെ പൊറോട്ടയും ബീഫ് കറിയും വായിൽ നിറച്ച  ഉമിനീർ അവൻ മുറ്റത്തെ കലക്കുവെള്ളത്തിലേക് തുപ്പിക്കളഞ്ഞതാണ്. എന്നിട്ടും കൊതിവറ്റാത്ത അവന്റെ കുഞ്ഞു കൈ അതിൽ നിന്നൊരു കഷ്ണം കൊത്തിപ്പറിച്ചു. സൽമ പതിവുപോലെ ഉറക്കെ കരയാൻ തുടങ്ങി.ഓടിവന്ന ഒരുപാട് പേർ അവനെ വല്ലാണ്ട് ശകാരിക്കുന്നുണ്ട്. അവനാ കുഞ്ഞു കഷ്ണം പൊറോട്ട അപ്പോഴും കയ്യിൽ മുറുക്കി പിടിച്ചിരുന്നു.

അഴിച്ചുവെക്കാൻ മറന്ന വെളുത്ത  നിസ്കാരക്കുപ്പായത്തിൽ പുറത്തേക്കോടി  വന്ന ഉമ്മ  സഫിയ വിതുമ്പലൊതുക്കിയ ചുണ്ടുകൾ കടിച്ചു പിടിച്ചു.ഇടതു കൈ ഞെരിച്ചമർത്തി ഇരുട്ട് മൂടിയ വീടിന്റെ ഇടവഴികളിലൂടെ സഫിയ അവനെ വലിച്ചോടുമ്പോഴും വലതുകൈപ്പത്തി അവൻ വിടാതെ ചുരുട്ടിപിടിച്ചു.

കൊട്ടിയടച്ച അറക്കകത്തെ അരവാതിലിൽ ഒളിച്ചുവെച്ച  വടിയെടുത്ത് സങ്കടം തീരുന്ന വരെ സഫിയ അവനെ പൊതിരെ തല്ലുമ്പോഴും മഴ തകർത്തു പെയ്തു.

നേരം കടന്നു പോയി.മഴ പതുക്കെ കാറ്റിൽ അലിഞ്ഞു.വടക്കേടത്ത് വീട്ടിലെ ബൾബുകളോരോന്നായണഞ്ഞു.ഉമ്മ അറിയാതെ അക്ബർ പുറത്തേക്കിറങ്ങി. ആരും കാണാതെ ഉമ്മറ കോലായിലിരുന്നു പൊട്ടിക്കരഞ്ഞു.അടക്കിപ്പിടിച്ചു തേങ്ങി.വാണ്ടു പോയ അവന്റെ കാൽപ്പാദത്തിൽ ആരോ തലോടി
 "മ്യാവൂ, മ്യാവൂ " അവൻ വലതു കൈ പതുക്കെ തുറന്നു കയ്യിൽ നിന്നും ബീഫ് പറ്റിയ പൊറോട്ട കഷ്ണം  കുറുഞ്ഞിയുടെ മുമ്പിലേക്ക് വീണു. ആ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണ് നീർ പെരുമഴയത്തും നനയാത്ത ഒരു ഒറ്റ മഷിത്തണ്ടിന്റെ ഇതളിലേക്കിറ്റിവീണു...

.....

"അക്ബറേ..നീ ഇവിടെ എന്തെടുക്കാ "

"ഒന്നുല്ല ഉമ്മാ "

"നോക്കാൻ ആളില്ലാതെ എല്ലാം നശിച്ചു..അല്ലേ!!."

"മ്മ്.." അക്ബറൊന്ന് അമർത്തിമൂളിയിട്ട് തിരിഞ്ഞു നടന്നു.ഉമ്മറത്തെ ചുമരിൽ പൊടി പിടിച്ച ഒരു പച്ച ബോർഡിൽ എഴുതിയിരുന്നു...

 "അൽഹംദുലില്ലാഹ് "

M@nU

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ

പേറ്റു നോവ്