അവസാന ഓവറിലെ ലാസ്റ്റ് ബോൾ

അവസാന ഓവറിലെ ലാസ്റ്റ് ബോൾ
.......... ....   ........  ...... ......

ചുവന്ന ആകാശത്ത് വട്ടമിട്ടു പറക്കുന്നൊരു പക്ഷി.പച്ചപ്പുല്ലുകൾ കറുത്ത് തുടങ്ങുന്ന ഭൂമി. കുറ്റിച്ചെടികളും ചെറുപുൽ തകിടികളും വകഞ്ഞുമാറ്റുന്ന പതിഞ്ഞ സ്വരങ്ങൾ.ഉയർന്നു പൊങ്ങുന്ന ചില കുരുന്നു പ്രാണികൾ.

"അടുത്ത ടൂർണമെന്റിന് ഞമ്മക്ക് റൈഹാനെയും കൊണ്ടോവണം" കൂട്ടത്തിലെ വല്ലപ്പോഴും വരുന്നൊരു  തലമൂത്ത നേതാവാണത്.

കാലുപോറിയ തൊട്ടാവാടി പിഴുതെറിഞ്ഞുകൊണ്ട് തൊരപ്പൻ ഇർഷാദ് ..!
""അവന് ഇടക്കെപ്പോഴെങ്കിലുമുള്ള  ഫോം ആവലാണ്"

അലക്കുകല്ലുവാണ്ട നീലനിറത്തിലുള്ള ഗൾഫ് ബനിയൻ, അടിഭാഗം കൊളുത്തിക്കീറിയ ചുവന്ന പുള്ളിത്തുണി.കയ്യിൽ കറുത്ത സ്റ്റിക്കറൊട്ടിച്ച  റീബോക്ക് ബാറ്റ്‌.പുറകിലൂടെ വന്ന റൈഹാൻ
ബാറ്റുകൊണ്ട്  ഉണക്കയിലകളെ പതിയെ തലോടി.

ടൂർണമെന്റുകളിൽ കളിക്കുന്നവർക്ക് ഗ്രൗണ്ട് ഫീസിലേക്കൊരു വിഹിതമുണ്ട്‌.കയ്യിലിരിക്കുന്ന ഈ ബാറ്റിന് പിരിവിടുമ്പോൾ  ഒരാഴ്ചത്തേക്ക് ഗ്രൗണ്ടിലേക്ക്  വന്നിട്ടില്ല റൈഹാൻ.

ആഗ്രഹമില്ലാഞ്ഞിട്ടല്ല.പേര് കേട്ട തറവാട്ടുകാരാണ്.പശ്ചിമേഷ്യൻ പ്രവാസത്തിന്റെ തിളക്കമേറിയ കാലമാണ്.പനങ്കുരു വിറ്റുപോലും പണമുണ്ടാക്കാൻ യുക്തിയില്ലാത്ത പ്രായമാണ്.   ഗൾഫുകാരന്റെ മകനെന്ന വെച്ചു കെട്ടിയ ഭാരമാണ്.

"കിട്ടി.. കിട്ടീ..."
റൈഹാൻ സിക്സറടിച്ച ബോളാണത്.ഏറെനേരത്തെ പ്രയത്നത്തിനൊടുവിൽ  കണ്ടെടുത്ത സാദിഖിനെ കണ്ടാൽ ഇപ്പൊ സെഞ്ച്വറി തികച്ച ബാറ്റിസ്‌മാനെപോലെയുണ്ട്.

ചുറ്റും കാട് പിടിച്ച കളിമൈതാനം.  ഇടയിലിടയിലായി പടുമരങ്ങൾ.മദ്യത്തിൽ ഉയർന്നു നിൽക്കുന്ന വഴിവരമ്പുകൾ.ചെറുകോലിന്മേൽ ചെരിച്ചു വെച്ച ഓലമടലിന് മറുവശത്ത് കുത്തി വെച്ച മൂന്നു തടിച്ച ശീമക്കൊന്ന കമ്പുകൾ.ഡക്ക് വർത്ത്‌ ലൂയിസിനെ വെല്ലുന്ന കളി നിയമങ്ങളിലേക്ക് ഇരുട്ട് വീണു.പലരും പല വഴി പിരിഞ്ഞുപോയി.

ഇന്ന് മനസ്സ് നിറഞ്ഞു കളിച്ചതിന്റെ സന്തോഷമുണ്ട്  റൈഹാന്.അടുത്ത ടൂർണമെന്റിൽ കളിക്കാനുള്ള പണമുണ്ടാക്കണം.പ്രാരാബ്ധങ്ങൾക്കിടയിൽ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഉമ്മയോട് ചോദിക്കാനാവില്ല.പിന്നെ എന്തു ചെയ്യും!

എതിരെ വന്ന മണൽ ലോറി പാഞ്ഞുപോയി.
ടാർ ചെയ്യാത്ത റോഡിനിരുവശത്തും ആരോവെട്ടിയിട്ട ചതഞ്ഞരഞ പനങ്കുലകൾ.റൈഹാൻ ഒരു കുരു കയ്യിലെടുത്തു.അതിന്റെ തൊലി പൊളിഞ്ഞു പോയിരുന്നു.പുറമെ  കാണുന്നതിൽ നിന്ന് വളരെ വ്യത്യസ്തമാണ് ഉൾഭാഗം.

മൂല്യങ്ങളുടെ മുഖമൂടിയാൽ വരിഞ്ഞു കെട്ടിയ ഒരു സമൂഹമാണിത്. എന്തൊക്കെയോ ഭയക്കുന്ന ഉമ്മ റൈഹാനെ  ഒരു തള്ളക്കോഴിയെ പോലെ എപ്പോഴും പൊതിഞ്ഞു പിടിച്ചു.പുസ്തകങ്ങൾക്കും പരീക്ഷകൾക്കുമപ്പുറമുള്ള ഒരുലോകം ഉമ്മാക്ക് അറിയില്ല.

എന്തായിരുന്നു ഉമ്മയെ കൂടുതൽ ഭയപ്പെടുത്തിയത്! ഗ്രൗണ്ടിനപ്പുറത്തെവിടെയോ അൽബികാക്ക കണ്ടുവെന്നു പറയപ്പെടുന്ന സിഗെരെറ്റ് കുറ്റികളോ,  അതോ  കൂടെപ്പടിക്കുന്ന ആരോഒരാൾ  അന്യന്റെ തൊടിയിലിട്ടെന്ന് പറയുന്ന ചെന്തെങ്ങിന്റെ കുലയോ?

ക്രിക്കറ്റ്‌ അവനേറെ പ്രിയപ്പെട്ടതാണ്.കളിക്കാനേറെ  ആഗ്രഹിക്കുമ്പോഴും ആൾക്കൂട്ടങ്ങളിൽ തനിച്ചായിരുന്നു. എന്തായിരുന്നു പലപ്പോഴും പിന്നിലോട്ട് വലിച്ചത്!! വേദനിക്കപ്പെട്ട ബാല്യമോ!അതോ സമൂഹത്തിലിറങ്ങാൻ  തുടങ്ങും മുമ്പേ മാന്യതവിട്ടു  പെരുമാറിയ ഓട്ടോക്കാരൻ ബാബുവോ!

അടുക്കള ഭാഗത്ത് വെളിച്ചമുണ്ട്.
കയ്യിലുള്ള കുരു മുകളിലേകിട്ടു പിടിച്ചു   അടുക്കളവാതിലിലൂടെ  റൈഹാൻ വീടിലേക്ക് കയറി.

"എത്താ അത് "ഉമ്മയാണ്

"പനങ്കുരു.ഇപ്പൊ എല്ലാ കുട്ട്യാളും ഇത് വിറ്റ് പൈസ ഉണ്ടാക്കാ.."അവൻ പറഞ്ഞു.

പിറ്റേന്ന് മുതൽ പുഴക്കരയിലെ വലിയ പനമരത്തിന്റെ ചുവട്ടിലാണവൻ.കയ്യിലുള്ള ചെറിയ പ്ലാസ്റ്റിക് കവർ നിറഞ്ഞില്ല അതിന് മുമ്പേ ദേഹമാസകലം വല്ലാത്ത ചൊറിച്ചിൽ.അന്യന്റെ ചോരമോഹിക്കുന്ന കൊതുകുകൾ ചുറ്റിലും മൂളിപ്പറന്നു .

അസഹനീയമായ ചൊറിച്ചിൽ വീട്ടീലെത്തീട്ടും വിട്ടുമാറുന്നില്ല.  വിരുന്നു വന്ന വല്ലിമ്മയാണ്  പറഞ്ഞത് മനുഷ്യരെപ്പോലെ  പുഴക്കരയിലെ ചേരുമരത്തിനും പകയുണ്ടെന്ന്.പോംവഴി പറഞ്ഞതോ  പഠിച്ചാൽ വല്യ ഉദ്യോഗസ്ഥനാവാം എന്നു ഉമ്മ പറയുംപോലത്തെ ഒരു സത്യം.

"അടുത്ത വീട്ടിലെ താണിക്ക മരത്തിനു ചുറ്റിലും നടന്ന് ചേര് പറ്റിച്ച വിവരം ധരിപ്പിച്ചാൽ മതി".

എന്തൊക്കെ ആയാലും അതോടെ പനക്കുരു ഉദ്യമം ഉപേക്ഷിക്കപ്പെട്ടു. ഏഷ്യാകപ്പിൽ ദാദയും ക്രിക്കറ്റ്‌ ദൈവവും ക്രീസിലിറങ്ങുന്ന നേരത്ത് ശക്തിമാൻ കാണാൻ പോവാറുള്ള തറവാട്ടുവീട്ടിലെ   നസീഫ കുഞ്ഞാമ ഫ്യുസ് ഊരിവെച്ചപോലത്തെ ഒരു സങ്കടം മാത്രം ബാക്കിയായി..

⚾⚾⚾⚾

കുറുകെച്ചാടിയൊരു  വെട്ടുപോത്തിനെ വെട്ടിച്ച  സൈക്കിൾ മറിഞ്ഞ്   സുബൈറിന്റെ കൈയൊടിഞ്ഞു.തൊരപ്പൻ  ഇർഷാദ് രാവിലെ
വടക്കേ അങ്ങാടിലെ ഫൈനലിന് വരാൻ റൈഹാനെ വിളിച്ചു.

"വടക്കേ അങ്ങാടിലെ ടൂർണമെന്റ് ഫൈനല്  നാളെയാണ്.ഇജ് സുബൈറിനോടും  അക്ബറിനോടും നേരത്തെ വരാൻ പറയോണ്ടി"
ഇന്നലെ ഗ്രൗണ്ടിൽ വെച്ച്
ഇർഷാദ് റംഷാദിനോട് ഇത്‌ പറയുമ്പോൾ അടുത്ത് നിന്ന റഷീദ് റൈഹാനോട് ചോദിച്ചതാണ്.

"ഇജ് പോവ്ണില്ലേ? " 

ഇല്ലാത്തൊരു ബുദ്ധിമുട്ട് പോലെത്തന്നെയാണപ്പൊ  പറഞ്ഞത്   ..
"ഇല്ലെടാ.. ഇനിക്ക് പരീക്ഷയാണ് മറ്റന്നാളെ"

നട്ടുച്ചവെയിലിൽ  പൂഴിമണ്ണിലൊഴിക്കുന്ന   ഒരുതുള്ളി വെള്ളം പോലെ ഹൃദയം തുടിച്ചു.ഫലമുണ്ടാവുന്ന ചെടിക്ക് മാത്രം വളമിടുന്ന കാലത്ത് സർഗ്ഗവാസനകൾ വെറും ദുർഗന്ധം മാത്രമായിരിക്കും.ക്രിക്കറ്റ്‌ അവന് ലഹരിയാണെന്നറിയുന്ന ഉമ്മ എതിർത്തില്ല ..

മേൽക്കൂരവെച്ചൊരാകാശത്തിന് അരികുവെച്ചപോലെ ഇടതൂർന്ന മരങ്ങൾ. മറുഭാഗത്ത് തെങ്ങിൻ തോപ്പുകൾ.ഇരു വശങ്ങളിലും പൊട്ടുപോലെ ഓടുമേഞ്ഞവീടുകൾ.വിശാലമായ ആ മൈതാനത്തിന്റെ ഒരു ഭാഗത്ത് വൃത്താകൃതിയിൽ നാട്ടിവെച്ച ചെറിയ കൊള്ളിക്കഷ്ണങ്ങളെ കുമ്മായപ്പൊടികൊണ്ട്  ബന്ധിച്ചിരുന്നു.ചുവന്ന മണ്ണ് കലർന്ന  പച്ചപ്പുല്ലുകൾക്ക് നടുവിലായ് ഇരുഭാഗത്തും സ്റ്റമ്പിന് ചുറ്റിലും കുമ്മായം വിതറി തടം വരച്ചിരുന്നു.മൈതാനത്തിന്റെ മറുഭാഗത്ത് കന്നുകാലികൾ മേയുന്നുണ്ട്.

ടൌൺ ടീം വാഴച്ചാലിന്റെ കളിക്കാർ ഗ്രൗണ്ടിലുണ്ട്.കമ്മിറ്റിയുടെ അമ്പയർമാർ ടീം ക്യാപ്റ്റൻമാരെ ടോസിന് വിളിച്ചു.ഭാഗ്യമുള്ള തൊരപ്പൻ ഇർഷാദ് ബാറ്റിംഗ് തിരഞ്ഞെടുത്തു.

മികവ് മാത്രമല്ല പലപ്പോഴും അളവുകോൽ.മറ്റു പലതുമാണ്.തോളൊപ്പമുള്ളവർ,ഒപ്പം നടക്കുന്നവറിരിക്കുന്നവർ,   കുളിക്കുന്നവർ. ആവേശത്തോടെ ഗ്രൗണ്ടിലെത്തിയ റൈഹാൻ ടീമിലെ പന്ത്രണ്ടാമൻ.വൈകിയാണവനറിഞ്ഞത് പരിക്കുപറ്റിയാൽ ഫീൽഡിൽ അവസരമുള്ള വെറും പകരക്കാരനാണെന്ന്.ഉള്ള് നൊന്തെങ്കിലും പ്രതീക്ഷകളുടെ ഒരാകാശം സ്വപ്നംകണ്ട് പുഞ്ചിരിച്ചു.

കളി തുടങ്ങി. ഊഴം കാത്ത് ബാറ്റു കൊതിച്ചിരുന്നവർ  ഔട്ടായവനോട് സഹതപിച്ചു.
ബൗണ്ടറി ലൈനിൽ ഇരുന്ന് വായകൊണ്ട് സിക്സും ഫോറും അടിച്ചു.റൺഔട്ടായവൻ  മറുതലക്കലോടിയവനോട് കയർത്തു.ഒടുവിൽ തൊരപ്പന്റെ ടീം ഇരുപത് ഓവറിൽ വാഴച്ചാൽ ടീമിന് നൂറ്റി ഇരുപത്തി അഞ്ചു റൺസ് എന്ന ലക്ഷ്യത്തിൽ ബാറ്റുവെച്ച് മടങ്ങി.

വാഴച്ചാലിന്റെ ബാറ്റിംഗ് തുടങ്ങി.റൈഹാൻ ആവേശത്തോടെ തന്നെ ടീമിന് വേണ്ടി കയ്യടിച്ചു.വിക്കറ്റുപോവുമ്പൊഴൊക്കെ അവൻ ചാടിയെണീറ്റ്  പ്രോത്സാഹിപ്പിച്ചു.സിക്സർ അടിക്കുമ്പോൾ നിരാശയോടെ തലയിൽ കൈവെച്ചിരിന്നു .പതിനെട്ടാമത്തെ ഓവറിൽ വാഴച്ചാലിന്റെ സ്കോർ ആറു വിക്കറ്റ് നഷ്ടത്തിൽ നൂറ്റിപ്പത്ത്.ഇനിവേണ്ടത് പന്ത്രണ്ടു ബോളിൽ പതിനഞ്ചു റൺസ്

പത്തൊമ്പതാമത്തെ ഓവറിന്റെ ആദ്യ അഞ്ചു പന്തിൽ ഒരു റൺ നേടാനേ വാഴച്ചാലിന്റെ എട്ടാം നമ്പർ ബാറ്റ്‌സ്‌മാന് കഴിഞ്ഞൊള്ളു. ആറാമത്തെ പന്ത്  വാഴച്ചാലിന്റെ പുറത്താവാത്ത ഓപ്പണിങ് ബാറ്റ്സ്മാൻ ഉയർത്തിയടിച്ചു. കളിക്കാരും കാണികളും ആകാംക്ഷയോടെ ആകാശത്തേക്ക് നോക്കി. പന്ത് ലോങ്ങോൺ ബൗണ്ടറിയിലേക്ക് തൂങ്ങിയിറങ്ങി.കീപ്പർ അക്ബർ വിളിച്ചുപറഞ്ഞു. "ക്യാച്ച്"

താഴെ തൊരപ്പൻ ഇർഷാദ് ബൗണ്ടറി ലൈനിലൂടെ വലതുഭാഗത്തേക്ക് ഓടുന്നു.പന്ത് കയ്യിലൊതുക്കാനുള്ള ശ്രമത്തിൽ അടിതെറ്റിവീണു. "ഫോർ" വാഴച്ചാൽ ബാറ്റ്സ്മാനോട്‌ സഹകളിക്കാർ ഫിഫ്റ്റി അടിച്ച സന്തോഷം അറിയിച്ചു..തൊരപ്പന് എണീക്കാനാവുന്നില്ല.കാല് മടങ്ങിയിട്ടുണ്ട്.

തൊരപ്പൻ പുറത്തേക്ക്. അവസാന ഓവറിൽ  ജയിക്കാൻ പത്ത് റൺസ്. കരക്കുപിടിച്ചിട്ടൊരു കുഞ്ഞുമീനിനെ കിണറ്റിലെറിഞ്ഞപോലെ  ഓഫ്‌സൈഡ് ബൗണ്ടറിക്കരികിൽ റൈഹാൻ.ഗ്രീസിൽ വീണ്ടും എട്ടാം നമ്പർ.ആദ്യ പന്തിൽ "ഫോർ".ഇനി വേണ്ടത് അഞ്ചുപന്തിൽ  വെറും ആറുറൺസ്‌.ടൌൺ ടീം വിജയമുറപ്പിച്ചു. ബൗണ്ടറി ലൈനിനരികിൽ ആർപ്പുവിളികളുയർന്നു .ര ണ്ടാമത്തെയും മൂന്നാമത്തെയും ബോൾ ലെഗ്‌സൈഡിലേക്ക്  ഉയർത്തിയടിച്ചു.ജാബിറിന് ക്യാച്ചെടുക്കാനായില്ല.രണ്ട്  റൺസ് വീതം ഓടിയെടുത്തു.ഇനി മൂന്നുബോളിൽ വെറും രണ്ട്  റൺസ്.

മികച്ച യോർക്കർ എറിഞ്ഞ നാലാമത്തെ ബോളിൽ ബാറ്റു വരണ്ടുപോയി.അഞ്ചാമത്തെ പന്ത് ബാറ്റ്സ്‌മാൻ കണ്ണുംപൂട്ടി അടിച്ചു. ബോൾ ആകാശത്തേക്ക് കുത്തനെ ഉയർന്നു.ഒരു നിമിഷം എല്ലാം നിശബ്ദം.കണ്ണുകളെല്ലാം ആകാശത്ത്‌ വട്ടമിട്ട് പറന്നു.സമയസൂചികൾ നിശ്ചലമായി.മൂന്നുപേർ ഓടിവരുന്നു.കീപ്പർ കബീർ വിളിച്ചു പറഞ്ഞു.
"ഐ  ഷാൾ"......കബീറിന്റെ ഗ്ലൗസുകൾ പന്ത് വിഴുങ്ങി."ഔട്ട്‌"

അവസാനത്തെ ബോൾ. വേണ്ടത് വെറും രണ്ട് റൺ.ഒരു റൺസെടുത്താൽ സമനില. നെഞ്ചിടിപ്പിന്റെ നിമിഷങ്ങൾ.ഗ്രീസിൽ ഓടിയെത്തിയിരിക്കുന്നത്  ടൌൺ ടീമിന്റെ ഏറ്റവും വിശ്വസ്തനായ ഓപ്പണിങ് ബാറ്റിസ്മാൻ.

സുഹൈൽ കണ്ണുകൾ മുറുക്കിയടച്ചു.ദീർഘശ്വാസം വലിച്ചുവിട്ടു. കാണികൾ ശ്വാസംപിടിച്ചു നിന്നു.കാലികൾ മേയാൻ മറന്നു.പക്ഷികൾ ചിലക്കാൻ മറന്നു.പോസ്റ്റിന് കാവൽ നിൽക്കുന്ന ഗോലിയാകിനെപ്പോലെ സ്റ്റമ്പിന് മുമ്പിലൊരാൾ.

അതാ സുഹൈൽ എറിയാൻ ഓടി വരുന്നു.സ്റ്റെമ്പിന് പുറത്തുകൂടി എറിഞ്ഞ ബോൾ മികച്ച ടൈമിങ്ങിൽ വീശിയടിച്ചു. ബോൾ ബുള്ളെറ്റ് കണക്കെ ഓഫ്‌സൈഡ് ബൗണ്ടറിയിലേക്ക് മൂളിപ്പറന്നു. ബോളിനും ബൗണ്ടറിക്കുമിടയിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഇതിഹാസം സമ്മാനിച്ച ദൈവത്തിന്റെ കൈപോലൊരു ഒറ്റകൈ  പറന്നു.

വലതുഭാഗത്തേക്ക് പറന്നുവീണ റൈഹാന്റെ അവിശ്വസനീയമായ ഒരു മുഴുനീളൻ ഡൈവ്. ചാടിയെണീറ്റ റൈഹാൻ വലതുകൈയ്യിലെ പന്ത് ഉയർത്തിയെറിഞ്ഞു.

കണ്ടു നിന്നവരുടെ വായകൾ അറിയാതെ ചലിച്ചുപോയ്... "wooow...എന്തൊരു ക്യാച്ച്"

അവിശ്വസനീയമായ ഒരു റൺ ജയം. ടൌൺ ടീമിന്റെ ഓപ്പണിങ് ബാറ്റ്സ്മാൻ തലകുനിച്ച നിമിഷം . സഹകളിക്കാർ തലയിൽ കൈവെച്ചനിമിഷം.തൊരപ്പനും ടീമും റൈഹാനെ കോരിയെടുത്ത്‌ നൃത്തം  ചവിട്ടി.അവന്റെ കൈകാൽ മുട്ടുകൾ പൊട്ടി രക്തം പൊടിഞ്ഞു.ആ നിമിഷം എല്ലാ വേദനകളും കാറ്റിൽ പറന്നു.

ഒരു വീഡിയോ ഫൂട് പ്രിന്റുകളിലും  ഇനിയൊരിക്കലും സൂം ചെയ്യാനാവാത്തതാണെങ്കിലും. റൈഹാന് ഇനിയെന്നും ഹൃദയത്തോട് ചേർത്ത് വെക്കാം.ദൈവത്തിന്റെ കയ്യൊപ്പുള്ള അവസാന ഓവറിലെ ആ ലാസ്റ്റ് ബോൾ...

M@nU

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ

പേറ്റു നോവ്