ഒരു കുഞ്ഞു നോമ്പോർമ്മ

ഒരു കുഞ്ഞു നോമ്പോർമ്മ
.........................

"നവയ്‌തു സൗമഗദിൻ..."
ഈരടികൾ ഏറ്റുചൊല്ലുന്ന കിഴക്കൻ ചക്രവാളത്തിലെ വെള്ളകീറി തുടങ്ങുന്ന തണുപ്പുള്ള പ്രഭാതം.

കുളിര് അരിച്ചിറങ്ങുന്ന ഓട്മേഞ്ഞ മേൽക്കൂരയ്ക്കു  താഴെ മൂടിപ്പുതച്ചു ഉറങ്ങുമ്പോൾ സ്നേഹത്തലോടലന്ന്   തൊട്ടുണർത്തും.മരക്കോണി ഇറങ്ങിയോടി പുറത്തെ ടാപ്പിലെ ഒരു കൈക്കുമ്പിൾ പച്ചവെള്ളത്തിൽ മുഖം കഴുകി തിരിഞ്ഞോടും.

നെയിട്ട് പിച്ചിപ്പരത്തിയ പത്തിരി പാത്രത്തിന്റെ മധുരം മൈസൂർ പഴം കൂട്ടി നുകരും.

മധുരമുള്ള സുലൈമാനിക്കൊപ്പം വല്ലിമ്മ  ഓതിവെച്ച യാസീന്റെ വരിയിലേക്ക് ചൂണ്ടുവിരലൂന്നി അവസാനത്തെ വിളി വിളിക്കും."ബാങ്ക് കൊടുക്കാനായിട്ടോ!!"

പുറത്തൊരു പൂവൻ കോഴി കൂവും. പള്ളിമിനാരങ്ങൾ സുബഹി ബാങ്ക് ഏറ്റുവിളിച്ച് ദൂരേക്ക് ദൂരേക്ക് മാഞ്ഞു പോവും.

തണുപ്പ് തപസ്സു ചെയ്യുന്ന സുബ്ഹിയുടെ നേരത്ത് സാത്താൻ മൂടിപ്പുതപ്പിച്ചുറക്കാൻ തുടങ്ങും.

സാത്താനെ ഓട്ടി  ഓടിച്ച് വല്ലിപ്പ മഞ്ഞു തുള്ളികൾ കാലിൽ ഉമ്മ വെക്കുന്ന വയൽ വരമ്പിലൂടെ പള്ളിയിലേക്ക് കൈപിടിച്ചു നടത്തും.

ഔളിൻ വെള്ളത്തിലെ  തണുപ്പിൽ സ്ഫുടം ചെയ്ത ശരീരം മിഹ്റാബിന്റെ കോണിൽ ചുരുണ്ടു കൂടി ഇമാമിനെ കാത്തിരിക്കും

മുറിഞ്ഞു വീഴുന്ന കൺപീലികളാൽ  അലൗകികതയിലേക് തക്ബീർ കെട്ടി ദുഹായിരക്കും.

അലയടിക്കുന്ന ഖുർഹാനിന്റെ മർമരങ്ങൾക്കിടയിലിരുന്ന് ആ വിശുദ്ധ ഗ്രന്ധത്തിലെ  ഇതളുകളിലോരാന്നായ് മിഴി തലോടും.

വയൽക്കരയിൽ ചാലിട്ട് ഒഴുകുന്ന തെളിനീരിലെ പരൽ  മീനിനൊപ്പം തിരിഞ്ഞു നടക്കും.

എത്രെയൊക്കെ കളിച്ചിട്ടും  നടന്നു തീരാത്ത സമയം നോക്കി മടുക്കും.

ഈന്തോല കെട്ടിയൊരുക്കിയ  കുറ്റിപെരയിലെ ഇരുപ്പൊക്കെ  ആരും കാണാതെ  ടീവിക്ക് മുമ്പിലൊടുങ്ങും.

ളുഹറും അസറും മിനാരങ്ങളിൽ നിന്ന് വിടപറഞ്ഞു പോകുമ്പോഴും  പ്രതീക്ഷയോടെ മഗ്‌രിബ് ബാങ്കിന് കാതോർത്തിരിക്കും..

അടുക്കള മുറ്റത്ത്  കൂട്ടി വെച്ച കല്ലടുപ്പിനടിയിൽ  കത്തി തീരാത്ത ആ വലിയ ഒറ്റമരകൊമ്പെരിഞ്ഞ്  പത്തിരി വേവാൻ തുടങ്ങും.

മഗ്‌രിബ് ബാങ്കിനെ വരവേൽക്കാൻ പഴങ്ങളും,പലഹാരങ്ങളും,തരി കഞ്ഞിയും.നാരങ്ങാ വെള്ളവും കാത്തിരിക്കും. കാലമെത്രെയൊക്കെ കഴിഞ്ഞിട്ടും ഇന്നും മറക്കാത്ത മരിച്ചുപോയ ചില  രുചിക്കൂട്ടുകളുണ്ട്.

സമയ സൂചി അവസാനത്തെ ലാപ്പിലേക് ഓടാൻ തുടങ്ങുമ്പോഴും  നിമിഷങ്ങൾക്ക് എന്തെന്നില്ലാത്ത നീളമാണ് .

വല്ലിപ്പാന്റെ ചുണ്ടുകൾ  തസ്‌ഫീർ ഉരുവിടുമ്പോൾ  ഞാൻ പലഹാര പത്രത്തിന്റെ മുമ്പിലിരുന്ന് ഇതൊന്നും എനിക്ക് ഒന്നും ആവില്ലല്ലോ, ഇനിയും  ബാങ്ക് വിളിക്കാത്ത മുക്രി എവിടെ എന്നൊക്കെ   ഓർത്ത് പരിതപിക്കും.

അകലെ ഉയരുന്ന ആദ്യത്തെ തക്ബീറിന് വിളി കൊടുക്കാനൊരുങ്ങിയാൽ  കൂട്ടത്തിലൊരാൾ പറയും "നമ്മളെ പള്ളിയിൽ നിന്ന് കൊടുക്കട്ടേന്ന്"
ആറ്റ് നോറ്റ് ഇമ്പമാർന്ന തക്ബീർ ദ്വാനിക്കൊപ്പം ഒരു കാരക്ക കടിച്ചു ചീന്തി പടച്ച തമ്പുരാനോട് സ്തുതി പറഞ്ഞു രണ്ട് ഗ്ലാസ്‌ വെള്ളം കുടിക്കുമ്പോയേക്കും അത് വരെ തിന്നാൻ ആഗ്രഹിച്ചതൊന്നും വയറു വേണ്ടെന്ന് പറയാൻ തുടങ്ങും.തോൽക്കാനറിയാത്ത  നാവ് കണ്ടതൊക്കെ രുചിക്കും.

ഉച്ചത്തിൽ ഇഖാമത് കൊടുത്ത് തുടങ്ങുന്ന വല്ലിപ്പ ഏവരെയും  നിസ്കാരത്തിലേക്ക് ക്ഷണിക്കും .

ശേഷം ഇറച്ചി കൂട്ടി പത്തിരി ഒരു പിടി പിടിക്കുന്നതോടെ ഒരടി നടക്കാൻ  സ്ഥലം വാടകക്ക് വാങ്ങേണ്ട  അവസ്ഥയാണ് വയറിന്.പാമ്പ് ഇര വിഴുങ്ങിയ പോലെ എവിടെ എങ്കിലും അങ്ങ് വീഴും.

M@nU

Comments

Popular posts from this blog

നഷ്ട പ്രണയം

നിയ

പേറ്റു നോവ്